Tuesday, April 17, 2012

Berlitharangal - Malayalam blog
http://berlytharangal.com/?p=9196


അവനെ ക്രൂശിക്കരുത് !

ദൈവം സ്നേഹമാകുന്നു എന്നാണ് ദൈവം തന്നെ ദൈവത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്.ഇത്ര സിംപിളായ ഒരു നിര്‍വചനം ആളുകളെ സ്നേഹം എന്ന അധമവികാരത്തിന്റെ പിന്നാലെ പോകാന്‍ പ്രേരിപ്പിക്കുമോ എന്നു ഭയന്നാവണം മതനേതാക്കന്മാര്‍ ദൈവത്തെ ദേവാലയങ്ങളില്‍ പൂട്ടിയിട്ട് പുതിയ നിര്‍വചനങ്ങളുണ്ടാക്കി. ദൈവം ഭീകരനാണെന്ന് വിശ്വാസികളെ ധരിപ്പിച്ചു. വൈദികരെയും മതനേതാക്കളെയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യാത്തവരെ ക്രൂരമായി ശിക്ഷിക്കുന്ന മനസാക്ഷിയില്ലാത്ത ഗുണ്ടയുടെ ഇമേജ് ദൈവത്തിനു കല്‍പിച്ചു നല്‍കി.

ശരാശരി ക്രിസ്‍ത്യാനിയെ വിസ്മയിപ്പിക്കുന്നത് വെള്ളം വീഞ്ഞാക്കുകയും അന്ധന് കാഴ്ച കൊടുക്കുകയും മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത അതിമാനുഷനായ ക്രിസ്‍തുവാണെങ്കില്‍ എന്നെപ്പോലുള്ള പാപികള്‍ക്ക് ജീവിതത്തില്‍ പ്രതീക്ഷ നല്‍കുന്നത്, ബലിയല്ല കരുണയാണ് ഞാനാഗ്രഹിക്കുന്നത് എന്നു പറയുന്ന ക്രിസ്തുവാണ്. അനാശാസ്യമാരോപിച്ച് സ്ത്രീയെ കല്ലെറിഞ്ഞ സദാചാര പൊലീസിനോട് നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ എന്നു 2000 വര്‍ഷം മുമ്പ് പറഞ്ഞ ക്രിസ്തുവാണ് എന്നെ വിസ്മയിപ്പിക്കുന്നത്. ആ ക്രിസ്തു, ഗോപിനാഥ് മുതുകാട് അനായാസം ചെയ്യുന്ന ചെപ്പടിവിദ്യകള്‍ കൊണ്ട് വിശ്വാസികളെ ആകര്‍ഷിക്കുമെന്ന് വിശ്വസിക്കാന്‍ എനിക്കു പ്രയാസമുണ്ട്. സ്നേഹമെന്ന ദൈവത്തെ കാട്ടിക്കൊടുത്ത ക്രിസ്തുവിന്റെ പ്രതിമകളുണ്ടാക്കി ആ പ്രതിമകളില്‍ നിന്നുള്ള അടയാളങ്ങളെ ആരാധിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നത് ക്രിസ്തുവിനോടും ക്രിസ്ത്യാനികളോടും സമൂഹത്തോടും കാലത്തോടുമുള്ള വഞ്ചനയാണ്, ചൂഷണമാണ്.

ചോര ചിന്തുന്ന, കണ്ണീരൊഴുക്കുന്ന, സുഗന്ധം വമിക്കുന്ന പ്രതിമകളുടെയും രൂപങ്ങളുടെയും പിന്നാലെ ഭക്തിഭ്രാന്തമായ മനസ്സോടെ ക്രിസ്‍ത്യാനികള്‍ പാഞ്ഞുതുടങ്ങിയിട്ട് കാലം കുറെയായി. പഞ്ചായത്തില്‍ ഒന്ന് കണക്കില്‍ ഇത്തരത്തിലുള്ള ലോക്കല്‍ ദൈവസ്ഥാനങ്ങള്‍ ഇന്നുണ്ട്. ചുറ്റുപാടുമുള്ളവര്‍ വരുന്നു, നേര്‍ച്ചയിടുന്നു, അലമുറയിട്ട് പ്രാര്‍ഥിക്കുന്നു, അകാരണമായി കരഞ്ഞുകൊണ്ട് മടങ്ങുന്നു. ഇതിന്റെ യുക്തി എനിക്കിതുവരെ മനസ്സിലായിട്ടില്ല.സൂര്യചന്ദ്രന്മാരെയും നൂറായിരം ഗ്രഹങ്ങളെയും മുപ്പത്തിമുക്കോടി നക്ഷത്രങ്ങളെയും സൃഷ്ടിച്ച് മാനേജ് ചെയ്യുന്ന അതിശക്തനായ ദൈവം തന്റെ സാന്നിധ്യമറിയിക്കാന്‍ ഇത്തരം ലോ ക്ലാസ് മാജിക്കുകള്‍ കാണിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമില്ല. അസാധാരണമായി കാണുന്നതെല്ലാം ദൈവികമാണെന്നു പ്രഖ്യാപിച്ച് നേര്‍ച്ചപ്പെട്ടി സ്ഥാപിക്കുന്നവര്‍ അധിക്ഷേപിക്കുന്നത് വിശ്വാസത്തെയാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു.

ഈ തരത്തിലുള്ള ലേറ്റസ്റ്റ് ദിവ്യാദ്ഭുതങ്ങളിലൊരെണ്ണം ലോലമനസ്കരായ വിശ്വാസികളെ ചൂഷണം ചെയ്യുന്നതിനു വേണ്ടി വൈദികര്‍ ലാഘവത്തോടെ നടത്തിവന്നതാണെന്ന് തെളിയിച്ച യുക്തിവാദി സംഘം നേതാവ് സനല്‍ ഇടമറുകിനെതിരേ മതനിന്ദയുടെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് മുംബൈ പൊലീസ്. യുക്തിരഹിതമായ ഒരാചാരത്തിനു കൂട്ടുനിന്ന പുരോഹിതന്മാരാണ് സത്യത്തില്‍ മതനിന്ദ നടത്തിയതെന്നു ഞാന്‍ വിശ്വസിക്കുന്നു.

മുംബൈയിലെ വിലെ പാര്‍ലെ പള്ളിയിലെ ക്രൂശിതരൂപത്തില്‍ നിന്ന് അദ്ഭുതജലം ഒഴുകിയത് കണ്ടാണ് വിശ്വാസികള്‍ അവിടമൊരു തീര്‍ഥാടനകേന്ദ്രമാക്കിയത്. വിലെ പാര്‍ലെ പള്ളി വന്‍ തീര്‍ത്ഥാടന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നതിനെ തുടര്‍ന്ന് ടിവി 9 ചാനല്‍ ഒരു അന്വേഷണാത്മക പരിപാടിയുമായി എത്തുകയും ക്രൂശിത രൂപത്തിനടുത്തുള്ള ഓവു ചാലില്‍ നിന്നുള്ള വെള്ളമാണ് ‘കാപ്പില്ലറി ബല’ത്താല്‍ ക്രൂശിത രൂപത്തിന്റെ കാലിലൂടെ വരുന്നതെന്ന സനല്‍ തെളിയിക്കുകയായിരുന്നു.

ദിവ്യാത്ഭുതത്തെ പറ്റി കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതിന് ചാനല്‍ ഒരുക്കിയ പരിപാടിയില്‍ പള്ളി വികാരി ഫാദര്‍ അഗസ്റ്റിന്‍ പാലേട്ട്, വിവിധ ക്രിസ്ത്യന്‍ സംഘടകനളുടെ പ്രതിനിധികള്‍ എന്നിവരും സനലും പങ്കെടുക്കുകയും സനല്‍ ദിവ്യാത്ഭുതം തട്ടിപ്പാണെന്ന് തെളിയിക്കുകയും ചെയ്തു. ചര്‍ച്ചയില്‍ സനല്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ മതനിന്ദയാണെന്നും സനല്‍ മാപ്പ് പറയണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത പള്ളി വികാരിയും കൂട്ടരും ആവശ്യപ്പെട്ടു. സനലിനെതിരെ മതനിന്ദയ്ക്ക് കേസ് കൊടുക്കുമെന്ന് ചാനല്‍ ചര്‍ച്ചയ്ക്കിടെ ക്രിസ്ത്യന്‍ സംഘടനാംഗങ്ങള്‍ ഭീഷണിപ്പെടുത്തുകയും സനലിനെതിരെ മൂന്ന് പരാതികള്‍ നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുകയാണ്.

ക്രിസ്തുവില്‍ വിശ്വസിക്കുന്ന, ക്രിസ്തുവില്‍ ജീവിക്കുന്ന, ഒരിക്കലും ഷെവലിയാര്‍ പട്ടം കിട്ടാന്‍ സാധ്യതയില്ലാത്ത ക്രിസ്ത്യാനി എന്ന നിലയില്‍, വിലെ പാര്‍ലെ പള്ളി സനലിനോട് ചെയ്യുന്നത് മഹാപാപമാണ് എന്നു വിളിച്ചുപറയാന്‍ ഞാനാഗ്രഹിക്കുന്നു. എത്രയും വേഗം കേസുകള്‍ പിന്‍വലിച്ച് സനലിനോട് മാപ്പു പറയുകയും ഇത്തരം ഉഡായ്‍പുകള്‍ നിരോധിക്കുകയും ചെയ്യാനുള്ള ക്രിസ്‍തീയമായ ആര്‍ജ്ജവമാണ് പള്ളി പ്രതിനിധികള്‍ കാണിക്കേണ്ടത്. ഒരു വിഡ്ഡിത്തം തെളിയിച്ച യുക്തിവാദിയെ കേസില്‍ കുടുക്കുക എന്നത് അങ്ങേയറ്റം ലജ്ജാകരമാണ്. സത്യം പ്രഘോഷിക്കാന്‍ ആഹ്വാനം ചെയ്ത ക്രിസ്തുവിന്റെ അനുയായികള്‍ സത്യം തെളിയിച്ചവനെ തുറുങ്കിലടയ്‍ക്കാന്‍ വെമ്പുന്നത് ആശങ്കാജനകമാണ്.

ജനാധിപത്യ ഇന്ത്യയില്‍ ഒരിക്കലും സംഭവിച്ചുകൂടാത്തതാണ് സനലിന്റെ അറസ്റ്റ്. അങ്ങനൊരു തെറ്റ് സംഭവിക്കാതിരിക്കാന്‍ സത്യത്തോടൊപ്പം ഉറച്ചു നില്‍ക്കുന്ന ആ മനുഷ്യനെ പിന്തുണയ്‍ക്കുക, കരുത്തു പകരുക.തന്റെ പേരില്‍ നടന്ന തട്ടിപ്പ് അവസാനിപ്പിച്ച സനലിനെ കര്‍ത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ഈ ലിങ്കുകള്‍ കൂടി പരിശോധിക്കുക

1. ടിവി 9 വാര്‍ത്ത (വിഡിയോ)
2. ടിവി 9 ചര്‍ച്ച (വിഡിയോ)
3. സപ്പോര്‍ട്ട് സനല്‍ ഇടമറുക് (ബ്ലോഗ്)
4. സനല്‍ ഇടമറുക് (ഫേസ്‍ബുക്ക്)

No comments: